ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നായ മാരുതി സുസുക്കി വിറ്റാര ബ്രെസ വാഹന പ്രേമികളുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നാണ്. എന്നാൽ ആധുനിക എതിരാളികൾ പലരും എത്തിയതോടെ ഏറെ പിന്നിലാണ് ബ്രെസ എന്നതാണ് യാഥാർഥ്യം.
ഏറെക്കാലം സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാവായിരുന്നു മാരുതി സുസുക്കി വിറ്റാര ബ്രെസ. അക്കാലത്ത് ഹ്യുണ്ടായി വെന്യുവിനെയും ഫോർഡ് ഇക്കോസ്പോർട്ടിനെയും മാത്രം നേരിട്ടാൽ മതിയാരുന്നു. എന്നാൽ ഇന്നങ്ങനെയല്ല. എല്ലാ പ്രമുഖ വാഹന നിർമാണ കമ്പനികളും ഈ നിരയിലേക്ക് പുതുപുത്തൻ വാഹനങ്ങൾ ഇറക്കി നേട്ടങ്ങൾ കൊയ്‌തു.
ഇതിനിടയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റും പരിചിതമായ പെട്രോൾ എഞ്ചിനും മാത്രമാണ് വിറ്റാര ബ്രെസയെ തേടിയെത്തിയത്. ശരിക്കും ഇതൊന്നും പോരായിരുന്നു പുതുമുഖ പ്രതിഭകളോട് മാറ്റുരയ്ക്കാൻ എന്നതാണ് യാഥാർഥ്യം. 2016 മുതൽ ഒപ്പമുണ്ടായിരുന്ന ടാറ്റ നെക്സോൺ വരെ ഏറെ മുന്നിലാണിപ്പോൾ.
ഇപ്പോൾ വിപണിയിൽ പുതിയതും മെച്ചപ്പെട്ടതും കൂടുതൽ പ്രതീക്ഷ നൽകുന്നതുമായ കോംപാക്‌ട് എസ്‌യുവികൾ ഉള്ളതിനാൽ ബ്രെസയ്ക്ക് ഒരുപാട് നഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കുറച്ച് കാര്യങ്ങൾ കൂടി ഈ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ കഥയാകെ മാറിയാനേ. അതെല്ലാം എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിച്ചാലോ?
ഡീസൽ എഞ്ചിൻ
മാരുതി സുസുക്കി വിറ്റാര ബ്രെസ ഒരു ഡീസൽ എഞ്ചിൻ വാഹനമെന്ന നിലയിലാണ് ആദ്യകാലങ്ങളിൽ പേരെടുത്തത്. അതു തന്നെയായിരുന്നു മോഡലിന്റെ ഏറ്റവും വലിയ മേൻമയും. എന്നാൽ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നിലവിൽ വന്നതോടെ ഓയിൽ ബർണർ കാറുകളോട് കമ്പനി എന്നന്നേക്കുമായി ഗുഡ്ബൈ പറയുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ എഞ്ചിനുകളിൽ ഒന്ന് അറിയപ്പെടുന്ന മാരുതിയുടെ ഡീസൽ എഞ്ചിൻ വിറ്റാര ബ്രെസയിൽ നിന്ന് ഏറ്റവും ആവശ്യപ്പെടുന്ന സവിശേഷതകളിലൊന്നാണ്. അതിനാൽ തന്നെ ഇത് തിരികെയെത്തിയാൽ വിൽപ്പന കൂടുതലായിരിക്കുമെന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല.
കൂടുതൽ എയർബാഗുകൾ
ഇക്കാലത്ത് മൈലേജിനേക്കാൾ ആളുകൾ കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യമാണ് വാഹനത്തിന്റെ സുരക്ഷ. ഇന്ത്യൻ ഉപഭോക്താക്കൾ സുരക്ഷിതത്വത്തിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതിനാൽ വിറ്റാര ബ്രെസ ഇത്തരത്തിൽ ചില അടിസ്ഥാനകാര്യങ്ങൾ നഷ‌്‌ടപ്പെടുന്നതായി തോന്നിയേക്കാം.
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന് മാരുതി പലപ്പോഴും മറക്കാറുണ്ടെന്ന് തോന്നുന്നു. ടോപ്പ് വേരിയന്റുകളിൽ പോലും ബ്രെസയ്ക്ക് ഇപ്പോഴും 2 എയർബാഗുകൾ മാത്രമാണുള്ളത്. ഓഫറിൽ സൈഡ്/കർട്ടൻ എയർബാഗുകളൊന്നുമില്ല. മാരുതിക്ക് ചുരുങ്ങിയത് 4 എയർബാഗുകൾ, അല്ലാത്തപക്ഷം 6 എണ്ണമെങ്കിലും ഈ കോംപാക്‌ട് എസ്‌യുവിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം
ആധുനിക കാലത്ത് എബിഎസും ഇബിഡിയും പോലെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും വാഹനത്തിലെ ഒരു നിർണായക സുരക്ഷാ ഉൾപ്പെടുത്തലാണിത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) അല്ലെങ്കിൽ ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC) എന്നും ഈ സവിശേഷത അറിയപ്പെടുന്നുണ്ട്.
ഇത് ഒരു കമ്പ്യൂട്ടറൈസ്‌ഡ് സാങ്കേതികവിദ്യയാണ്. ട്രാക്ഷൻ നഷ്‌ടം കണ്ടെത്തി അത് കുറയ്ക്കുന്നതിലൂടെ വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്താനാണ് ഇവ സഹായിക്കുക. അതായത് പെട്ടെന്നുള്ള സ്റ്റിയറിംഗ് ഇൻപുട്ടിലെ ട്രാക്ഷൻ നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുകയും അപകടകരമായ ബോഡി റോളിന് കാരണമാകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് സാരം. എസ്‌യുവികളിൽ പ്രത്യേകിച്ച് തീർച്ചയായും വേണ്ടൊരു ഘടകമാണിത്.
ഇലക്ട്രോണിക് അഡ്‌ജസ്റ്റബിൾ സീറ്റുകൾ
സുഖപ്രദമായ യാത്രക്കായുള്ള ഒരു സുപ്രധാന ഘടകമാണ് മികച്ച ഡ്രൈവിംഗ് പൊസിഷൻ. ഇത് കണ്ടെത്താൻ സഹായിക്കുന്നതിന് മാനുവൽ നിയന്ത്രണങ്ങൾ മാത്രമാണ് വിറ്റാര ബ്രെസ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇലക്ട്രോണിക് അഡ്‌ജസ്റ്റബിൾ സീറ്റുകൾ ഉണ്ടെങ്കിൽ ഒരു ബട്ടണിന്റെ സഹായത്തോടെ മികച്ച ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താനാകും.
360 ഡിഗ്രി ക്യാമറകൾ
ഇന്ത്യൻ റോഡുകളിൽ സാധാരണയായി ഗതാഗതക്കുരുക്കും തിരക്കുമുണ്ടെങ്കിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറകൾ മുതലായ സവിശേഷതകൾ ഡ്രൈവറെ അങ്ങേയറ്റം സഹായിക്കുന്ന കാര്യങ്ങളാണ്.
ബ്രെസ പോലുള്ള വീതിയുള്ളതും ഉയരമുള്ളതുമായ ഒരു വാഹനം ഇപ്പോൾ ഒരു പിൻ ക്യാമറ മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ എതിരാളിയായ നിസാൻ മാഗ്നൈറ്റ് എന്ന ചെലവു കുറഞ്ഞ മോഡലിൽ പോലും 360 ഡിഗ്രി സറൗണ്ട് ക്യാമറ വാഗ്ദാനം ചെയ്തിരുന്നുണ്ട്. മാരുതിയുടെ കോംപാക്‌ട് എസ്‌യുവിയിലേക്കും ഈ സവിശേഷത ലഭിച്ചിരുന്നെങ്കിൽ എത്ര സൗകര്യപ്രദമാകുമായിരുന്നു വാഹനം.
സൺറൂഫ്
10 ലക്ഷം രൂപയിൽ താഴെ വിലയുള്ള പല ഹാച്ച്ബാക്ക് മോഡലുകൾ പോലും വാഗ്‌ദാനം ചെയ്യുന്ന ഒരു സുപ്രധാന ഫീച്ചറാണ് സൺറൂഫ്. ഒരുകാലത്ത് ആഢംബര വാഹനങ്ങള്‍ മാത്രം കൈയ്യടക്കിയ പത്രാസ് ഇന്നു ഇടത്തരം കാറുകള്‍ക്കും കിട്ടിത്തുടങ്ങിയെന്ന് സാരം. മേല്‍ക്കൂരയിലെ ചില്ലുകൂട്ടിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും യാത്രകള്‍ അവിസ്മരണീയമാക്കും.
എന്നാൽ അത്ര പ്രായോഗികമാണോ എന്നു ചോദിച്ചാൽ അല്ലതാനും. എങ്കിലും വാഹന പ്രേമികൾ തങ്ങളുടെ കാറിൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇന്ന് സൺറൂഫ്. 8 ലക്ഷം രൂപയിൽ കൂടുതൽ മുടക്കുന്ന വിറ്റാര ബ്രെസയിൽ ഈ സംവിധാനം ഇല്ലെന്ന കാര്യം വളരെ സങ്കടകരമാണ്. വാഹനം പുറത്തിറങ്ങിയതു മുതൽ ആളുകൾ ആവശ്യപ്പെടുന്ന ഒരു ഘടകം കൂടിയാണിത്.
എന്നിട്ടും മാരുതി മൌനം തുടരുകയാണ്. ഒരു സൺറൂഫ് മറ്റ് അനുബന്ധ ആനുകൂല്യങ്ങൾക്കൊപ്പം ക്യാബിനിൽ ഒരു എയറി ഫീൽ നൽകാനും സഹായിക്കുന്നുണ്ട്. ഇതുവരെ പറഞ്ഞ കാര്യങ്ങൾ കൂടി ഈ കോംപാക്‌ട് എസ്‌യുവിയിലേക്ക് എത്തിയിരുന്നെങ്കിൽ കഥയാകെ മാറിയാനേ.