പൊണ്ണത്തടിയോ? കാരണങ്ങൾ ഇവയാകാം reasons for obesity

 ഭക്ഷണം വാരിവലിച്ചു കഴിച്ചിട്ടല്ലേ ഈ പൊണ്ണത്തടി വന്നത് എന്ന് കേൾക്കാത്ത ആളുകൾ ഉണ്ടാവില്ല. എന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല, മറിച്ച് മറ്റു പലകാരണങ്ങൾ കൊണ്ടുമാണ് പൊണ്ണത്തടി ഉണ്ടാകുന്നതെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം. പ്രോസസ് ചെയ്‌ത ഭക്ഷണങ്ങൾ, പായ്ക്കറ്റ് ഫുഡ്‌സ് തുടങ്ങിയവ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും ഫാറ്റിനെ പ്രോസസ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന രീതിക്ക് വ്യത്യാസം വരുകയും ഇത് പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. 


പൊണ്ണത്തടിക്കു കാരണമാകുന്ന അഞ്ച് കാരണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 


1. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)


സ്ത്രീകളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം ഇതാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കനുസരിച്ച് PCOS ഉള്ള 40 മുതൽ 80 ശതമാനം വരെ സ്ത്രീകളിൽ അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. ഉപാപചയ നിരക്കിൽ ഇതു മൂലം വ്യത്യാസം വരുകയും പൊണ്ണത്തടിക്കും പ്രമേഹത്തിനും ഉള്ള സാധ്യത വർധിക്കുകയും ചെയ്യും. 


2. അലസത 


പൊണ്ണത്തടിക്കുള്ള ഒരു കാരണം ചടഞ്ഞുകൂടിയുള്ള ഇരിപ്പ് ആണ്. ഒരു വശത്ത് കാലറി അകത്താക്കുകയും എന്നാൽ ഒരു ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടാതെ കൊഴുപ്പ് അടിഞ്ഞു കൂടി പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. ഒരു സ്ഥലത്ത് ഇരുന്നുള്ള ജോലി ആണെങ്കിലും ഓൺലൈൻ ക്ലാസുകൾ ആണെങ്കിലും ഇരിക്കുന്നിടത്തു നിന്ന് ഇടയ്ക്ക് ഒന്നെഴുന്നേൽക്കണം. ചെറുതായി ഒന്നു നടക്കാം. ഇത് പൊണ്ണത്തടി വരാതെ കാക്കും. 


3. പ്രോസസ് ചെയ്‌ത ഭക്ഷണം 


ഇൻസ്റ്റന്റ് നൂഡിൽസ്, ബർഗർ, പിസ, ഡോനട്ട്സ്, ബേക്കൺ  ഇവയെല്ലാം  പ്രഭാത ഭക്ഷണമായി കഴിച്ചാൽ നിങ്ങൾ പൊണ്ണത്തടിയിലേക്കുള്ള യാത്രയിലാണെന്ന് ഓർക്കുക. സാച്ചുറേറ്റഡ് ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണിവ. അന്നജം പോലും എളുപ്പത്തിൽ വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയും രക്തത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് മൂലം പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുകയും ശരീരഭാരം കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇത് പൊണ്ണത്തടിക്കു കാരണമാകും.  


4. പാരമ്പര്യം 

ജനിതക പാരമ്പര്യത്തിന് പൊണ്ണത്തടിയിൽ പ്രധാന പങ്കുണ്ട്. രക്ഷിതാക്കൾക്ക് പൊണ്ണത്തടി ഉണ്ടെങ്കിൽ കുട്ടികൾക്കും അതുണ്ടാവും. ലെപ്റ്റിൻ എന്ന ഹോർമോണിന്റെ കുറവും ക്രമേണ പൊണ്ണത്തടിക്കു കാരണമാകും. കൊഴുപ്പിന്റെ അളവ് കൂടുതലാകുമ്പോൾ ശരീരത്തോട്, ഭക്ഷണം കുറച്ചു മാത്രം കഴിക്കാൻ നിർദേശിക്കുന്ന ഹോർമോൺ ആണിത്. ആവശ്യത്തിന് ലെപ്റ്റിൻ ശരീരത്തിന് ലഭിക്കാതാകുമ്പോൾ, ബാലൻസ് നഷ്ടപ്പെടുകയും പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. 


5. സമ്മർദവും ഉത്കണ്ഠയും 


ഒരാളുടെ വികാരങ്ങളും മൂഡ് മാറ്റങ്ങളും എല്ലാം ഭക്ഷണം കഴിക്കുന്ന രീതിയെ സ്വാധീനിക്കുന്നുണ്ട്. പഞ്ചസാര, മറ്റ് ഭക്ഷണങ്ങൾ ഇവയെല്ലാം ക്രമേണ പൊണ്ണത്തടിക്കു കാരണമാകും. സ്‌ട്രെസ് മൂലം ഭക്ഷണം കഴിക്കുന്നത് ചിലപ്പോൾ ഈറ്റിങ്ങ് ഡിസോർഡറുകൾക്കു പോലും കാരണമാകും.


Previous Post Next Post
close